കൊല്ലം: ചാഞ്ഞവെയിലിന്റെ ശോഭയില്‍ അഷ്ടമുടിക്കായല്‍ പൊന്നണിഞ്ഞു നില്‍ക്കവേ, അല്പപമകലെ ആശ്രാമം മൈതാനം താരശോഭയില്‍ മുങ്ങി നിവര്‍ന്നു. ആവേശക്കടലിരമ്പം സാക്ഷിയായി രണ്ടുതാരങ്ങള്‍ കൊല്ലത്തിന്റെ മണ്ണു തൊട്ടു; ബോളിവുഡിന്റെ താരരാജാവ് ഷാരൂഖ് ഖാനും മലയാള സിനിമയുടെ സ്വന്തം മോഹന്‍ ലാലും. കിങ് ഖാനെയും ലാലേട്ടനെയും നെഞ്ചോടുചേര്‍ത്ത് കൊല്ലം സ്വീകരിച്ചു. ആശ്രാമം മൈതാനം മറ്റൊരു പൂരത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു.
ഡോ.ബി.രവിപ്പിള്ളയുടെ ഹോട്ടല്‍ 'ദ് റാവിസിന്റെ' ഉദ്ഘാടനത്തിനാണ് രണ്ടു താരങ്ങളും കൊല്ലത്തെത്തിയത്. ഹോട്ടലിന്റെ ഉദ്ഘാടനം തേവള്ളിയിലാണെങ്കിലും ആരാധകരെ അഭിവാദ്യം ചെയ്യുന്നതിനാണ് ഷാരൂഖ് ഖാനും മോഹന്‍ ലാലും ആശ്രാമം മൈതാനത്തെത്തിയത്. വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയ കിങ് ഖാന്‍, അവിടെനിന്ന് രവിപ്പിള്ളയുടെ നീല റോള്‍സ് റോയിസ് കാറിലാണ് ആശ്രാമത്ത് എത്തിയത്. ഷാരൂഖ് എത്തുന്നതിന് അല്പംമുമ്പ് മോഹന്‍ലാല്‍ വേദിയുടെ പിന്നിലുള്ള വിശ്രമമുറിയിലെത്തിയിരുന്നു.
ഏറെ നേരത്തെ കാത്തിരിപ്പിനൊടുവില്‍ അവതാരകന്‍ മുകേഷ് രണ്ടു താരങ്ങളെയും വേദിയിലേക്ക് ക്ഷണിച്ചതോടെ മൈതാനം ഇളകിമറിഞ്ഞു. ഇളംനീല ജീന്‍സിനൊപ്പം ബെല്‍റ്റില്ലാതെ അലക്ഷ്യമായി ഇന്‍ ചെയ്ത കറുത്ത കുര്‍ത്തയും കൂളിങ് ഗ്ലാസുമണിഞ്ഞ് 'ഫ്രീക്ക് ലുക്കില്‍' സ്വപ്ന നായകന്‍ വേദിയിലെത്തി. കഴുത്തില്‍ കറുത്ത ചരടുപോലെയുള്ള ആഭരണത്തിനൊപ്പം കുര്‍ത്തയില്‍ മറ്റൊരു കൂളിങ് ഗ്ലാസ് കൊരുത്തിട്ടിരുന്നു. ഇളംനീല ഷര്‍ട്ടിന്റെയും ജീന്‍സിന്റെയും 'കൂള്‍ ലുക്കില്‍' മലയാളത്തിന്റെ മഹാനടന്‍ തൊട്ടരികില്‍.
താരരാജാക്കന്മാരുടെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും 'ജയ്' വിളിച്ചും ആരാധകര്‍ സന്തോഷം പ്രകടിപ്പിച്ചു. ഏറെ നേരം കൈവീശി, കാണികെള അഭിവാദ്യംചെയ്ത ഷാരൂഖ് ഖാന്‍ കൊല്ലത്തിന്റെ സ്‌നേഹത്തിനു മുന്നില്‍ തലകുനിച്ചു. രണ്ടു താരങ്ങളും പറഞ്ഞ ഓരോ വാക്കും ഹൃദയത്തില്‍ അടയാളപ്പെടുത്തിയാണ് ജനം കേട്ടത്. ഒടുവില്‍ താരങ്ങള്‍ പിന്‍വാങ്ങിയതോടെ ആരാധകവൃന്ദവും മൈതാനത്തിനു പുറത്തേക്കൊഴുകി; നിറഞ്ഞമനസ്സോടെ
കടപ്പാട് മാതൃഭൂമി